District Information Office Alappuzha

District Information Office Alappuzha Alappuzha district infomation office is a district unit of Information Public Relations Department

04/01/2025

യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളില്‍ ബയോടോയ്ലെറ്റ് നിര്‍മ്മാണം

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന 2023-24 വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളില്‍ ബയോടോയ്ലെറ്റ് നിര്‍മ്മാണത്തിനുള്ള ഘടക പദ്ധതിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 50,000 രൂപയാണ്. ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം സബ്സിഡി (20,000/- രൂപ) അനുവദിക്കുന്നതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, തുറവൂര്‍, മാന്നാര്‍ എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251103.

04/01/2025

ജനങ്ങള്‍ ജാഗ്രത പാലിക്കണം

പമ്പാ ജലസേചന പദ്ധതിയുടെ വലതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ജനുവരി ആറ് മുതല്‍ ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പമ്പാ ജലസേചന പദ്ധതി എക്സി. എഞ്ചിനീയര്‍ അറിയിച്ചു.

04/01/2025

സായാഹ്ന ഒ പിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്റര്‍ ആശുപത്രിയിലെ സായാഹ്ന ഒ പി യിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം 1960 രൂപാ ദിവസവേതനത്തിലായിരിക്കും നിയമനം. യോഗ്യത എം ബി ബി എസ് അല്ലെങ്കില്‍ തത്തുല്യം, തിരുവിതാംകൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ജനുവരി ആറിന് ഉച്ചക്ക് രണ്ടു മണിക്ക് കളര്‍കോട് ദേശീയപാതയ്ക്ക് സമീപത്തുള്ള അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

04/01/2025

അഗ്‌നിവീര്‍വായു റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്‌നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. 2025 ജനുവരി ഏഴിന് രാവിലെ 11 മുതല്‍ 27 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.

04/01/2025

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

പള്ളിപ്പാട് ഗവ. ഐടിഐയില്‍ സര്‍വേയര്‍ ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമോ അല്ലെങ്കില്‍ സര്‍വെ ട്രേഡിലുള്ള എന്‍ടിസി അല്ലെങ്കില്‍ എന്‍എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04792406072, 9946972672.

04/01/2025

ഡിസിഎ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പെന്‍ഡോടു കൂടി സൗജന്യമായി പഠിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്. ഫോണ്‍: 0476 2623597, 9447488348.

04/01/2025

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഡിഗ്രിയും പിജിഡിസിഎയും (ഐഎച്ച്ആര്‍ഡി/ ഡിടിഇ തത്തുല്യം). യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

04/01/2025

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള 3 വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം 2025 ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 0479 2457496.

04/01/2025

ഫിസിക്സ് അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എംആര്‍എസ് പുന്നപ്ര) ഹയര്‍സെക്കന്‍ഡറി ഫിസിക്സ് അധ്യാപക താല്‍ക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 7 ന് വൈകിട്ട് നാലുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902544637.

04/01/2025

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി.
നഖവും മുടിയും ഒഴികെ ശരീരത്തിന്റെ ഏതവയവങ്ങളെയും ബാധിക്കുന്ന ക്ഷയരോഗം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ശരീരം ക്ഷീണിക്കല്‍, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി, രക്തം ചുമച്ച് തുപ്പുക, രക്തം കലര്‍ന്ന കഫം തുടങ്ങിയവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാണ്. ക്ഷയരോഗം വായുവിലൂടെ പകരുന്നതിനാല്‍ ക്ഷയരോഗം ബാധിച്ച ഒരാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് ക്ഷയരോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്നവര്‍ ക്ഷയരോഗാണു ബാധിതരാകുന്നു. രോഗാണുബാധിതരാകുന്നവരില്‍ ഏതെങ്കിലും കാരണത്താല്‍ രോഗപ്രതിരോധശേഷി കുറയാനിട വന്നാല്‍ ക്ഷയരോഗാണുക്കള്‍ പെരുകുകയും അവര്‍ ക്ഷയരോഗബാധിതരാകുകയും ചെയ്യും. പുകവലി, അമിതമദ്യപാനം, പ്രമേഹം, എച്ച്ഐവി, അണുബാധ, കിടപ്പുരോഗികള്‍, ദീര്‍ഘകാലം ചികിത്സ എടുക്കുന്ന രോഗികള്‍, കോവിഡ് വന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.
ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്. ക്ഷയരോഗബാധിതര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം വരുമാനപരിധിക്കനുസരിച്ച് ചികിത്സാ കാലയളവില്‍ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജില്ലാ ടിബി സെന്റര്‍, കൊട്ടാരം ബില്‍ഡിങ്, ജനറല്‍ ആശുപത്രി പരിസരം, ആലപ്പുഴ. ഫോണ്‍: 0477-2252861. Email- [email protected]

04/01/2025

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 593 2023)(എപിബി-കെഎപിIII) പത്തനംതിട്ട ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളില്‍ രാവിലെ 5.30 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് മുഖേനയും ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നിശ്ചിത സമയത്തുതന്നെ ഹാജരാകേണ്ടതാണ്. ഫോണ്‍: 0477 2264134.

അറുന്നൂറ്റിമംഗലം ഫാമിലെ കാലികളുടെ കാവൽക്കാരായി ഇനി രണ്ടു കൊള്ളൂവരിയൻമാരുംഅറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളു...
04/01/2025

അറുന്നൂറ്റിമംഗലം ഫാമിലെ കാലികളുടെ കാവൽക്കാരായി ഇനി രണ്ടു കൊള്ളൂവരിയൻമാരും

അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നു. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം
ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ ,2 കാസർഗോഡ് കുള്ളൻ , 15 മലബാറി ആടുകൾ , 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളൂവരയന്മാർക്കു പരിശീലനം നൽകുന്നത്.
പാലക്കാട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒരു കാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയിരുന്ന ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ എന്ന പാലക്കാടൻ ഇനം.
കാണുന്ന മാത്രയിൽ തന്നെ ഒരു ഷേർലക്ക് ഹോംസ് കഥയായ 'ബാസ്‌കർ വില്ലയിലെ വേട്ടനായയെ' ഓർമ്മിപ്പിക്കുന്ന ആകാരമാണ് ഇവയുടെ സവിശേഷത. നല്ല കടും തവിട്ടു നിറമുള്ള ശരീരത്തിൽ കറുത്ത വരകൾ നിറഞ്ഞതാണ് ഇവയുടെ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല്, നല്ല മുഴക്കമുള്ള കുരയുടെ ശബ്ദം. ഇവയ്ക്ക് കൊള്ളുവരയൻ എന്ന പേര് കിട്ടാൻ കാരണം പാലക്കാട് കൃഷി ചെയ്യുന്ന കൊള്ളിന്റെ നിറമാണ് ഇവയ്ക്ക് എന്നതാണ്. പാലക്കാട് മുതിരയ്ക്ക് കൊള്ളെന്നാണ് പറയുക, കൊള്ളിന്റെ നിറമുള്ള ശരീരത്തിൽ വരകൾ ഉള്ളതുകൊണ്ട് ഇവയെ കൊള്ളു വരയൻ എന്ന് വിളിക്കുന്നു. ഗ്രാമ്യഭാഷയിൽ കൊള്ളു വരിയൻ എന്ന് വിളിക്കും.
സാധാരണയായി ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല. ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോരക്കർഷകർ എന്നിവരുടെ പ്രിയ മിത്രമാണ് കൊള്ളുവരിയന്മാർ.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച കൊള്ളൂവാരിയൻ നായ് കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഏറ്റുവാങ്ങുകയും ഇവരെ അറുന്നൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി. ടി അരുണിന് കൈമാറുകയും ചെയ്തു. ക്ഷേമ കാര്യ സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുളാദേവി, പി. അഞ്ജു, വീയപുരം ഫാം സീനിയർ കൃഷി ഓഫീസർ ടി.എസ്. വൃന്ദ, അനീഷ് വിശാൽ എന്നിവർ സംസാരിച്ചു.
വാസുകി, സുന്ദരി എന്ന് പേരിട്ട ഈ കൊള്ളൂവാരിയന്മാർ ഇനി അറുന്നൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാമിലെ ആടുമാടുകളുടെ കാവൽ ജോലി ഏറ്റെടുക്കും.

ദേശീയ സരസ് മേള: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശ...
04/01/2025

ദേശീയ സരസ് മേള: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള 2025 ൻ്റെ സ്വാഗത സംഘം ഓഫീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗ്ഗീസ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്,താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, ജില്ല പഞ്ചായത്തംഗങ്ങളായ വത്സല മോഹൻ, ഹേമലത മോഹൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജി വിവേക്,
അനിൽ പി ശ്രീരംഗം, എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റൻഡിനു സമീപമുള്ള റിലീഫ് എൽ പി സ്കൂൾ ഗ്രൗണ്ടിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക.

കുടുംബശ്രീ ദേശീയ സരസ് മേളയുടെ സ്വാഗത സംഘം ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

04/01/2025

എം.എസ്.എം.ഇകള്‍ക്ക് ഏകദിന വര്‍ക്ക്ഷോപ്പ്

എം.എസ്.എം.ഇ മേഖലയിലെ വിവിധ രജിസ്ട്രേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) ഒരു ദിവസത്തെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2025 ജനുവരി ഒന്‍പതിന് കളമശ്ശേരിയിലെ കീഡ് കാമ്പസ് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്്. എം എസ് എം ഇ മേഖലയില്‍ സംരംഭകര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2550322.

കരുതലും കൈത്താങ്ങും: അമ്പലപ്പുഴ താലൂക്ക് അദാലത്തില്‍ 278 പരാതികളില്‍ തീര്‍പ്പ്.ആകെ ലഭിച്ച പരാതികള്‍ 390പരിഗണനാര്‍ഹമായത് ...
04/01/2025

കരുതലും കൈത്താങ്ങും: അമ്പലപ്പുഴ താലൂക്ക് അദാലത്തില്‍ 278 പരാതികളില്‍ തീര്‍പ്പ്.
ആകെ ലഭിച്ച പരാതികള്‍ 390
പരിഗണനാര്‍ഹമായത് 318
തീര്‍പ്പാക്കിയത് 278
സത്വര തുടര്‍നടപടികള്‍ക്ക് ഉത്തരവിട്ടത് 40
അദാലത്ത് ദിവസം ലഭിച്ചത് 268

സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ അമ്പലപ്പുഴ താലൂക്കില്‍ 278 പരാതികളില്‍ തീര്‍പ്പ്. ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച അദാലത്തില്‍ മന്ത്രി സജി ചെറിയാന്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു. അദാലത്തിലേക്ക് നേരത്തേ ലഭിച്ച 390 അപേക്ഷകളില്‍ 318 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 40 അപേക്ഷകളില്‍ സത്വര തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച് മന്ത്രി വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിലേക്ക് നേരത്തേ പരാതി നല്‍കിയവരെയെല്ലാം മന്ത്രി നേരില്‍ക്കണ്ടു. അദാലത്ത് ദിവസം കൗണ്ടറിലൂടെ 268 പുതിയ പരാതികള്‍ കൂടി ലഭിച്ചു.
37 വര്‍ഷം കിടപ്പുരോഗിയായ ഷാനവാസിന് യുഡിഐഡികാര്‍ഡ് നല്‍കുകയും തുടര്‍ചികില്‍സ സൗജന്യമായി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. അദാലത്ത് വേദിയില്‍ വെച്ച് അഞ്ച് കുടുംബങ്ങള്‍ക്ക് എഎവൈ റേഷന്‍കാര്‍ഡും അഞ്ച് കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍കാര്‍ഡുകളും വിതരണം ചെയ്തു. വര്‍ഷങ്ങളായി നികുതി അടക്കാന്‍ കഴിയാതിരുന്ന 16 അപേക്ഷകളില്‍ നികുതി സ്വീകരിക്കുന്നതിനുള്ള ഉത്തരവും അദാലത്തില്‍ കൈമാറി. നടവഴി സംബന്ധിച്ച ആറ് പരാതികളും തീര്‍പ്പാക്കി. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
എം എല്‍ എ മാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, എഡിഎം ആശ സിഎബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശനന്‍, ഡെ. കളക്ടര്‍ ജോ ളി ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ എസ് അന്‍വര്‍ എന്നിവര്‍ അദാലത്തിന് സന്നിഹിതരായിരുന്നു. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് ഉച്ചക്ക് 2 മണിക്ക് അവസാനിച്ചു.

04/01/2025

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് അഭിമുഖം

ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ ആറാം തീയതി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ 70 ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ 2025 ജനുവരി 10 ാം തീയതിയിലും ആലപ്പുഴ ജില്ലാ ഓഫീസില്‍ 2025 ജനുവരി 30, 31 തീയതികളിലുമായി ആദ്യഘട്ട അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മേല്‍ വിവരം എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ചതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒറ്റിആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡിന്റെ അസ്സല്‍ എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അതത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0477-2264134

04/01/2025

ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും 2025 മാര്‍ച്ച് 18 വരെ (മൂന്ന് മാസം) രജിസ്ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് യുഡിഐഡി കാര്‍ഡ് എന്നിവയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230622.

04/01/2025

കരുതലും കൈത്താങ്ങും അദാലത്ത്:
അനധികൃത മണലൂറ്റിനെതിരെ പരാതി; കര്‍ശന നടപടി സ്വീകരിച്ച് മന്ത്രി

കോമളപുരം വില്ലേജില്‍ ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കായലോരത്തു സ്വകാര്യവ്യക്തി അനധികൃത മണലൂറ്റ് നടത്താന്‍ പൈപ്പുകളും യന്ത്രങ്ങളും സ്ഥാപിച്ചു എന്ന മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബിജുമോന്റെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിച്ചു മന്ത്രി സജി ചെറിയാന്‍. ബൈപാസ് നിര്‍മാണത്തിന്റെ മറവിലാണ് സ്വകാര്യ വ്യക്തി മണലൂറ്റാന്‍ ആവശ്യമായ സാമഗ്രികള്‍ ഇറക്കിയത്. പ്രകൃതിവിഭവങ്ങള്‍ യാതൊരു കാരണവശാലും നശിപ്പിക്കാന്‍ പാടുള്ളതല്ല എന്നും നിലവില്‍ നടന്നു വരുന്ന എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദേശം നല്‍കി.

Address

Alappuzha
688001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

914772251349

Alerts

Be the first to know and let us send you an email when District Information Office Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Alappuzha:

Videos

Share